എരുമപ്പെട്ടി: പഴമയുടെ പ്രൗഢിയും ഗതകാല സ്മരണകളും ഇരമ്പിയാർത്തപ്പോൾ, നീണ്ടൂർ ആദൂർ വയലോരം ഒരു അപൂർവസംഗമത്തിന് സാക്ഷിയായി. വാഹനപ്രേമികളുടെ എക്കാലത്തെയും ആവേശമായ അംബാസിഡർ കാറുകളുടെ ഒത്തുചേരൽ നാടിന് വേറിട്ടൊരു കാഴ്ചയായി മാറി.
വിവിധ സ്ഥലങ്ങളിൽ നിന്നായി മുപ്പതിലധികം അംബാസിഡർ കാറുകളാണ് ഈ സംഗമത്തിൽ അണിനിരന്നത്.
വെള്ളയും കറുപ്പും മുതൽ വിന്റേജ് ലുക്കിലുള്ള വിവിധ നിറങ്ങളിലുള്ള കാറുകൾ വയലോരത്തെ മനോഹരമായ പശ്ചാത്തലത്തിൽ കണ്ണിന് കുളിർമയേകുന്ന കാഴ്ചയായിരുന്നു. നിരനിരയായി കാറുകൾ നിരത്തിലിറങ്ങിയത് റാലിയെ വർണാഭമാക്കി. വയലോരത്ത് നിന്ന് ആരംഭിച്ച് എരുമപ്പെട്ടി, മങ്ങാട് എന്നിവിടങ്ങൾ ചുറ്റി റാലി തിരികെ വയലോരത്ത് തന്നെ സമാപിച്ചു.
വഴിയോരങ്ങളിൽ തടിച്ചുകൂടിയ നാട്ടുകാർക്കും യാത്രക്കാർക്കും ഈ പഴയകാല രാജാക്കന്മാരുടെ നിര അവിസ്മരണീയമായ അനുഭവമാണ് സമ്മാനിച്ചത്. സംഗമത്തിന് ഷാഹിദ്, ശ്രീരാജ്, ഖാലിദ്, രമേശ്, സ്വാനി, അലവികുട്ടി, അബ്ദുൽ റഹ്മാൻ വെള്ളത്തേരി എന്നിവർ നേതൃത്വം നൽകി. വരും വർഷങ്ങളിലും ഇത്തരം ഒത്തുചേരലുകൾ കൂടുതൽ വിപുലമായി സംഘടിപ്പിക്കാനാണ് ഈ വാഹനപ്രേമികളുടെ തീരുമാനം.